Subscribe:

Ads 468x60px

Tuesday, 7 July 2015

ആഷസിന് നാളെ തുടക്കം

ഇംഗ്ളണ്ടിലെ ക്രിക്കറ്റ് മൈതാനങ്ങള്‍ ബുധനാഴ്ച മുതല്‍ തീപ്പൊരി പോരാട്ടത്തിലേക്ക് വീണ്ടും കണ്ണുതുറക്കുകയാണ്. എതിരാളികളെ ചാരമാക്കി ആഷസ് കിരീടം സ്വന്തമാക്കാന്‍ ആജന്മവൈരികളായ രണ്ട് രാജ്യങ്ങള്‍ നടത്തുന്ന ജീവന്മരണ പോരാട്ടം. 69ാമത് ആഷസ് പരമ്പരക്കായി ഇംഗ്ളണ്ടും ആസ്ട്രേലിയയും നേര്‍ക്കുനേര്‍ പോരിനിറങ്ങുമ്പോള്‍ ക്രിക്കറ്റിന്‍െറ ചരിത്രപുസ്തകത്തില്‍ എഴുതപ്പെട്ടേക്കാവുന്ന അധ്യായങ്ങളെക്കുറിച്ചാണ് കളിപ്രേമികള്‍ ഉറ്റുനോക്കുന്നത്.
ഇംഗ്ളണ്ട് ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്കിനും ആസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ളാര്‍ക്കിനും ഇക്കുറി ജയിച്ച് കപ്പ് സ്വന്തമാക്കിയേ പറ്റൂ. കഴിഞ്ഞ തവണ ആസ്ട്രേലിയയില്‍ നടന്ന പരമ്പര 5^0ത്തിന് സമ്പൂര്‍ണമായി അടിയറവെച്ചതിന്‍െറ നാണക്കേടിലാണ് ഇംഗ്ളണ്ട് നിര മറ്റൊരു ആഷസിനായി കളമിറങ്ങുന്നത്. കുറച്ചുകാലമായി പ്രതിസന്ധികളില്‍ ആടിയുലയുന്ന ഇംഗ്ളണ്ടിന് എല്ലാ അപമാനവും മറക്കാന്‍ ഈയൊരു പരമ്പര ജയത്തിലൂടെ കഴിയും. ഇംഗ്ളണ്ട് നിരയിലെ സ്റ്റാര്‍ ബാറ്റ്സ്മാന്‍ കെവിന്‍ പീറ്റേഴ്സണ്‍ ഇല്ലാതെയാണ് അവര്‍ ആഷസിനിറങ്ങുന്നത്. ഫോമിലേക്കുയര്‍ന്നിട്ടും ടീമില്‍ ഇടംപിടിക്കാന്‍ കഴിയാതെപോയ പീറ്റേഴ്സന്‍െറ അന്താരാഷ്ട്ര കരിയറിനുപോലും ഏതാണ്ട് അന്ത്യം വന്നിരിക്കുകയാണ്. ഒരു കാലത്ത് തന്‍െറ സഹകളിക്കാരനായിരുന്ന ആന്‍ഡ്രൂ സ്ട്രോസ് ഇംഗ്ളീഷ് ക്രിക്കറ്റ് ടീമിന്‍െറ ഡയറക്ടറായതോടെയാണ് പീറ്റേഴ്സന്‍െറ കരിയറിന് വിലങ്ങുതടിയായത്.
ആഭ്യന്തര ക്രിക്കറ്റില്‍ ട്രിപ്ള്‍ സെഞ്ച്വറി അടിച്ചിട്ടും പീറ്റേഴ്സന് മുന്നില്‍ ടീമിന്‍െറ വാതില്‍ കൊട്ടിയടയ്ക്കുകയായിരുന്നു. പരാജയത്തിന്‍െറ ചാരത്തില്‍നിന്ന് വിജയത്തിലേക്ക് പറന്നുയരാന്‍ വെമ്പുന്ന ഇംഗ്ളണ്ടിനെയാണ് ഇക്കുറി ആഷസില്‍ കാണാനാവുക.
മറുവശത്ത് മൈക്കല്‍ ക്ളാര്‍ക്ക് തന്‍െറ കരിയര്‍ സുന്ദരമായ അധ്യായത്തോടെ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുകയാണ്. മുമ്പ് മൂന്നു തവണ ആഷസിനായി ഇംഗ്ളണ്ടിലത്തെിയപ്പോഴും തോല്‍വിയായിരുന്നു ക്ളാര്‍ക്കിന്. ഇക്കുറി ടീമിനെ നയിച്ചത്തെുമ്പോള്‍ ജയമല്ലാതെ മറ്റൊന്നും ക്ളാര്‍ക്കിന് ലക്ഷ്യമില്ല.
അടുത്തിടെ ന്യൂസിലന്‍ഡിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പര 1^1ന് സമനിലയിലാക്കാന്‍ ഇംഗ്ളണ്ടിന് കഴിഞ്ഞിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ ത്രസിപ്പിക്കുന്ന നിമിഷങ്ങള്‍ക്കാണ് ന്യൂസിലന്‍ഡ്-ഇംഗ്ളണ്ട് പരമ്പര സാക്ഷ്യംവഹിച്ചത്.
ആഷസിലെ ഇതുവരെയുള്ള റെക്കോഡുകളില്‍ ഏതാണ്ട് ഒപ്പത്തിനൊപ്പമാണ് ഇരു ടീമുകളും. എങ്കിലും നേരിയ മുന്‍തൂക്കം ആസ്ട്രേലിയക്കുതന്നെയാണ്. 68 പരമ്പരകളില്‍ 32 എണ്ണം ആസ്ട്രേലിയ ജയിച്ചപ്പോള്‍ 31 എണ്ണം ഇംഗ്ളണ്ടും നേടി. അഞ്ചെണ്ണം സമനിലയില്‍ അവസാനിച്ചു. മൊത്തം 320 ടെസ്റ്റുകളില്‍ 128 എണ്ണവും ആസ്ട്രേലിയ കൈപ്പിടിയിലൊതുക്കി. 103 എണ്ണത്തിലേ ഇംഗ്ളണ്ടിന് ജയിക്കാനായുള്ളൂ.
എന്നാല്‍, സ്വന്തം മണ്ണില്‍ നടന്ന ആഷസിലെ 158 മത്സരങ്ങളില്‍ 47 മത്സരങ്ങള്‍ ജയിച്ച് നേരിയ മുന്‍തൂക്കം നേടാന്‍ ഇംഗ്ളണ്ടിനായിട്ടുണ്ട്. 46 എണ്ണം ആസ്ട്രേലിയ ജയിച്ചപ്പോള്‍ 65 എണ്ണമാണ് സമനിലയില്‍ അവസാനിച്ചത്.
ആസ്ട്രേലിയക്കാരനായ ട്രെവോര്‍ ബെയ്ലിസ് ആണ് ഇംഗ്ളണ്ടിന്‍െറ കോച്ച്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ബാറ്റിങ് ഫോമിലേക്കുയരാന്‍ കഴിഞ്ഞതിന്‍െറ ആത്മവിശ്വാസത്തിലാണ് അലിസ്റ്റര്‍ കുക്ക് ടീമിനെ നയിക്കുന്നത്. ബുധനാഴ്ച കാര്‍ഡിഫിലാണ് അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റ്.

0 comments:

Post a Comment