Subscribe:

Ads 468x60px

Thursday, 9 July 2015

പോഗ്ബയില്ല, അര്‍ദ തുറാന്‍ ബാര്‍സയില്‍

ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബ 2015-16 സീസണില്‍ ബാര്‍സലോണയില്‍ കളിക്കില്ല. യുവതാരത്തെ യുവന്റസില്‍ നിന്ന് വാങ്ങാന്‍ രംഗത്തുണ്ടായിരുന്ന മുന്‍ പ്രസിഡണ്ട് യോസപ് മരിയ ബര്‍തമ്യൂ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രസിഡണ്ട് പദവിയിലേക്ക് വീണ്ടും മത്സരിക്കുന്ന ബര്‍തമ്യൂ, പോഗ്ബയെ നൗകാംപിലെത്തിക്കാമെന്ന് നേരത്തെ ആരാധകര്‍ക്ക് വാക്കുനല്‍കിയിരുന്നു. അതിനിടെ, തുര്‍ക്കി മിഡ്ഫീല്‍ഡര്‍ അര്‍ദ തുറാനെ ബാര്‍സ വ്യവസ്ഥകളോടെ സ്വന്തമാക്കി.80 ദശലക്ഷം യൂറോയാണ് പോഗ്ബക്ക് ബാര്‍സലോണ വിലയിട്ടത്. എന്നാല്‍ ഈ തുകക്ക് താരത്തെ വില്‍ക്കില്ലെന്ന നിലപാടില്‍ ഇറ്റാലിയന്‍ ചാമ്പ്യന്മാര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. കൂടുതല്‍ തുക വാഗ്ദാനം ചെയ്യാന്‍ താല്‍പര്യമില്ലെന്ന് ബര്‍തമ്യൂ വ്യക്തമാക്കി. അതേസമയം, മറ്റു ക്ലബ്ബുകള്‍ 22-കാരനു വേണ്ടി രംഗത്തുണ്ട്.

കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗും സ്പാനിഷ് ലീഗും കിങ്‌സ് കപ്പും സ്വന്തമാക്കിയ ബാര്‍സ, അത്‌ലറ്റികോ മാഡ്രിഡില്‍ നിന്ന് 34 ദശലക്ഷം യൂറോ നല്‍കിയാണ് അര്‍ദ തുറാനെ വാങ്ങിയത്. ജൂലൈ 20-നു മുമ്പ് 38 ദശലക്ഷത്തിന് തുറാനെ തിരികെ നല്‍കാമെന്ന വിചിത്രമായ വ്യവസ്ഥയും കരാറിലുണ്ട്. ജൂലൈ 18-ന് നടക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് തുറാന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള സൗകര്യത്തിന് വേണ്ടിയാണിത്.

പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന ജോന്‍ ലാപോര്‍ട്ട പുതിയ ട്രാന്‍സ്ഫറിന് എതിരാണ്. നിലവില്‍ ക്ലബ്ബിന് പ്രസിഡണ്ട് ഇല്ലാത്തതിനാല്‍ ട്രാന്‍സ്ഫര്‍ നടത്താനാകില്ലെന്നും, ബര്‍തമ്യൂ സ്ഥാനമൊഴിയുന്നതിനു മുമ്പ് കളിക്കാരെ വാങ്ങണമായിരുന്നുവെന്നും ലാപോര്‍ട്ട പറഞ്ഞു. ബ്രസീലിയന്‍ ക്ലബ്ബ് സാന്റോസില്‍ നിന്ന് നെയ്മറിനെ വാങ്ങിയത് സുതാര്യമായ രീതിയിലായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റൊരു പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായ അഗസ്തി ബെനഡിറ്റോയും കരാറിന് എതിരാണ്. താന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ തുറാനെ അത്‌ലറ്റികോയിലേക്ക് തിരികെ അയച്ച് മറ്റൊരു കളിക്കാരനെ വാങ്ങുമെന്ന് ബെനഡിറ്റോ പറഞ്ഞു. നിലവില്‍ ട്രാന്‍സ്ഫര്‍ നിരോധനം നേരിടുന്ന ബാര്‍സ, തുറാന്റെ ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കിയാല്‍ തന്നെ അടുത്ത ജനുവരിയില്‍ മാത്രമേ താരത്തെ മത്സരിപ്പിക്കാന്‍ കഴിയൂ.

0 comments:

Post a Comment